Latest Updates

കൊല്ലം: തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കെ എസ് ഇബി വ്യക്തമാക്കുന്നു. നേരത്തെ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തള്ളിയിരുന്നു. വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി നിര്‍ദേശിച്ചു. കുട്ടി ഷോക്കേറ്റ് മരിച്ചതില്‍ ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതെയായിരുന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും, വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമായിരുന്നുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന് കാരണം സിസ്റ്റത്തിന്റെ പ്രശ്നമെന്നായിരുന്നു കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. അപകടത്തില്‍ വ്യക്തിപരമായി ആരും ഉത്തരവാദിയല്ലെന്നുമാണ് കെഎസ്ഇബി ചീഫ് സേഫ്റ്റി കമ്മീഷണറുടെ കണ്ടെത്തല്‍. ഒന്‍പത് വര്‍ഷമായി പോവുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതും അതിന് താഴെ ഷെഡ് പണിതതും വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിഥുന്റെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് കർശന നടപടി സ്വീകരിച്ചിരുന്നു. വീഴ്ച വരുത്തിയതിന് ആദ്യം സ്കൂൾ ഹെഡ്മിസ്ട്രസിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിടുകയും, സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ക്ലാസ് മുറിയോട് ചേർന്ന തകര ഷെഡിന് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ കയറിയ മിഥുൻ മുകളിലൂടെ പോയ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.

Get Newsletter

Advertisement

PREVIOUS Choice